കൊയിലാണ്ടി സ്റ്റേഡിയം സ്പോർട്സ് കൗൺസിലിൽ നിന്ന് തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ കായികപ്രേമികളും വിദ്യാർഥികളും. സ്പോർട്‌സ് കൗൺ സിലിന്റെ പാട്ടക്കാലാവധി കഴി ഞ്ഞതിനാൽ, മൈതാനം ഇനി ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കുന്നതിനുമുമ്പ് കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയുടെ ഭാഗം കേൾക്കണമെ ന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സ്കൂളിന് സ്വന്തമായി മൈതാനമില്ലാത്തതിനാലും നേരത്തെ സ്കൂൾ കുട്ടികൾ കളിക്കാൻ ഉപയോഗിച്ചിരുന്നതിനാലും ഈ സ്ഥലം സ്കൂളിന് ഉപയോഗിക്കാമെന്ന വാദം കേട്ടായിരുന്നു കോടതിയുടെ ഉത്തരവ്. പാട്ടക്കാലാവധി അവസാനിച്ച സ്ഥിതിക്ക് മൈതാനം സ്കൂളിന് വിട്ടു നൽകണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ം
1998 ഡിസംബർ 17നാണ് മൈതാനം സ്പോർട്സ് കൗൺസിലിന് നൽകിയത്. എല്ലാ സ്കൂളുകൾക്കും വിസ്തീർണം കണക്കാക്കി കളിസ്ഥലം നിർബന്ധമാണെന്ന രീതിയിൽ കെ.ഇ.ആറിൽ മാറ്റം വരുത്തണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിന് നിലവിലെ മൈതാനം സ്വ ന്തമാകുമെന്നാണ് സ്കൂൾ അധികൃതർ കരുതുന്നത്.
25 വർഷത്തേക്കായിരുന്നു ജില്ലാ സ്പോർട്‌സ് കൗൺസിലിന് മൈതാനം പാട്ടത്തിന് കൊടുത്തത്. സ്റ്റേഡിയവും കടമുറികളുമെല്ലാം നിർമിച്ച് വരുമാനമുണ്ടാക്കിയെങ്കിലും കൊയിലാണ്ടിയുടെ കായികമികവിന് ഗുണപ്രദമാകുന്ന തരത്തിലുള്ള മാറ്റം കൊണ്ടുവരാൻ സ്പോർട്സ് കൗൺസിലി ന് കഴിഞ്ഞില്ലെന്ന പരാതിയുണ്ട്.
നിരവധി കുട്ടികൾ ഫുട്ബോളിൽ പരിശീലനം നേടുന്നുണ്ടെങ്കിലും മൈതാനത്തിന് എടുത്തുപറയാവുന്ന വികസനമൊന്നുമുണ്ടായില്ല. മഴക്കാലത്ത് ഇവിടെ വെള്ളം കെട്ടിക്കിടക്കും. സ്കൂൾ കുട്ടികൾക്ക് കളിക്കാൻ സൗകര്യം നൽകണമെന്ന് സ്പോർട്‌സ് കൗൺസിലുമായി കരാറുണ്ടെങ്കിലും സ്കൂൾ ഭാഗത്തെ ഗെയ്റ്റുകൾ പലപ്പോഴും അടഞ്ഞുകിടക്കുകയാണ്. സ്കൂൾ നടത്തിപ്പ് ചുമതലയുള്ള നഗരസഭക്ക് മൈതാനം വിട്ടുകിട്ടിയാൽ കൂടുതൽ സൗകര്യം ഒരുക്കാനാവും.