ഒന്നിച്ചു പിറന്നവർ, ഒന്നിച്ചെത്തി വോട്ട് ചെയ്തു

കീഴരിയൂര്‍: ലോകസഭയിലേക്കുളള കന്നി വോട്ട് ചെയ്യാന്‍ നാല്‍വര്‍ സംഘം ഒപ്പമെത്തിയത് കൗതുകമായി. കീഴരിയൂര്‍ നെല്ല്യാടി പ്രകാശന്റെയും ബിപിനയുടെയും മക്കളാണിവര്‍. ബിപിനയുടെ ഒറ്റ പ്രസവത്തില്‍ പിറന്ന നാല് മക്കളാണ് അബിത്ത് പ്രകാശ്, അബിനയ് പ്രകാശ്, അബിനവ് പ്രകാശ്, അബിനന്ദ പ്രകാശ് എന്നിവര്‍. ആദ്യക്ഷരമെഴുതിയതും സ്‌കൂളില്‍ പോയതുമെല്ലാം ഒന്നിച്ച്.

കഴിഞ്ഞ വര്‍ഷം മേലടി ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ഈ നാല്‍വര്‍ സംഘം ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ വോട്ടാണ് വെളളിയാഴ്ച രേഖപ്പെടുത്തിയത്. ഇപ്പോള്‍ ഇരുപത് വയസ്സ് പൂര്‍ത്തിയായി. അബിനയ് പ്രകാശും,അബിത്ത് പ്രകാശും തലശ്ശേരിയിലെ എന്‍.ടി.ടി.എഫില്‍ നിന്നും ടൂള്‍ ആന്റ് ഡൈ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അബിനന്ദ പ്രകാശ്, അബിനവ് പ്രകാശ് എന്നിവര്‍ ഡിഗ്രി അവസാന വര്‍ഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. അച്ചനും അമ്മയ്ക്കുമൊപ്പമാണ് നാല്‍വര്‍ സംഘം വോട്ട് ചെയ്ത് മടങ്ങിയത്.

Leave a Reply

Your email address will not be published.