വേനല്‍ച്ചൂട് 38 ഡിഗ്രിയില്‍ എത്തി നില്‍ക്കുമ്പോള്‍ നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധി നേരിടുന്നു. പൊരിവെയിലത്ത് ഓട്ടോറിക്ഷ നിര്‍ത്തി യാത്രക്കാരെ കയറ്റേണ്ട ഇവര്‍ക്ക് തണലേകാന്‍ ഒരു മരം പോലുമില്ല. റോഡ് വികസനത്തിയും നഗര വികസനത്തിന്റെയും ഭാഗമായി തണല്‍ മരങ്ങള്‍ മുറിച്ച് നീക്കുമ്പോള്‍ പ്രയാസത്തിലാവുന്നത് നഗരങ്ങളുടെ ഭാഗമായ ഓട്ടോ ജീവിതങ്ങളാണ്. ഓട്ടോ പാര്‍ക്ക് ചെയ്യുന്നിടത്ത് നിന്ന് മാറി നില്‍ക്കാന്‍ ഇവര്‍ക്കാവില്ല. മുന്നിലെ ഓട്ടോറിക്ഷ യാത്രക്കാരെ കയറ്റി പോകുമ്പോള്‍ അതിനനുസരിച്ച് ഓട്ടോറിക്ഷ തളളി മുന്നോട്ട് നീക്കണം. അപ്പോഴൊക്കെ കൊടും വെയില്‍ സഹിക്കുക തന്നെ വേണം. നഗരത്തിലെ ട്രാഫിക് കുരുക്കില്‍പ്പെട്ട് വീര്‍പ്പുമുട്ടുന്നതില്‍ കൂടുതലും ഓട്ടോ തൊഴിലാളികളാണ്.
ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനം ജീവിത ചെലവിന് പോലും തികയാത്ത സാഹചര്യമാണ് ഇന്നുളളതെന്ന് തൊഴിലാളികള്‍ പറയുന്നു. മിക്ക കുടുംബങ്ങളിലും ഒന്നും രണ്ടും ഇരുചക്രവാഹനങ്ങളും കാറുകളും ഉളളപ്പോള്‍ ഓട്ടോ വിളിച്ചു യാത്ര ചെയ്യേണ്ടവര്‍ കുറഞ്ഞു വരികയാണ്. നിത്യ നിദാന ചെലവ് നിര്‍വ്വഹിക്കാന്‍ പലപ്പോഴും ആവുന്നില്ല.
അതാത് പഞ്ചായത്തിലും നഗരസഭകളിലും പെര്‍മ്മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ അനധികൃതമായി ഓടുന്നത് പെര്‍മ്മിറ്റുളള ഓട്ടോറിക്ഷക്കാര്‍ക്ക് വലിയ തോതില്‍ പ്രയാസമുണ്ടാക്കുണ്ട്.
മിക്ക നഗരങ്ങളിലും ഓട്ടോ സ്റ്റാന്റിനോട് ചേര്‍ന്ന് ശുചിമുറികളും ബാത്തുറൂമുകളും ഇല്ലാത്തതും ഡ്രൈവര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.
കൊയിലാണ്ടി നഗരത്തില്‍ ബസ്സ് സ്റ്റാൻ്റിനോട് ചേര്‍ന്ന ഫൂട്ട്പാത്തില്‍ വളര്‍ന്നു നില്‍ക്കുന്ന തണല്‍ മരങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചു മാറ്റിയത് ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഈ മരങ്ങളുടെ തണലിലായിരുന്നു ബസ്സ് സ്റ്റാന്റിന് സമീപം ഓട്ടോകള്‍ നിര്‍ത്തിയിരുന്നത്.