ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പോരാട്ടം അതിശക്തമാകുന്നു. ഇടത് സ്ഥാനാര്‍ത്ഥി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യ മന്ത്രിയും നിലവിലെ എം.എല്‍.എയുമായ കെ.കെ.ശൈലജ ടീച്ചറും, യു.ഡി.എഫിലെ ഷാഫിപറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണനും മണ്ഡലമാകെ നിറഞ്ഞു നില്‍ക്കുന്നു.
വിവിധ മാധ്യമങ്ങളില്‍ വന്ന സര്‍വ്വെ ഫലങ്ങളില്‍ നേരീയ മുന്‍ തൂക്കം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയ്ക്ക് പ്രവചിക്കുന്നുണ്ടെങ്കിലും ജനമനസ്സ് തങ്ങളോടൊപ്പമാണെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഉറപ്പിച്ച് പറയുന്നത്. 2019ല്‍ കെ.മുരളീധരന് 84663 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. അതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തിന് ഷാഫി വിജയിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന ഉറപ്പ്. ഒന്നര ലക്ഷം വോട്ടിന്റെ മഹാഭൂരിപക്ഷമാണ് ഷാഫി ലക്ഷ്യമിടുന്നത്.
ആരോഗ്യമന്ത്രിയായിരിക്കെ കെ.കെ.ശൈലജ നടത്തിയ ഇടപെടലും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമെന്ന അംഗീകാരവും അവര്‍ക്കുണ്ട്. ഇടത്പക്ഷത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന സ്ത്രീകളുടെ വലിയ തോതിലുളള പിന്തുണയും അവര്‍ക്കുണ്ട്. എന്നാല്‍ പരമ്പരാഗതമായി സി.പി.എമ്മിനും എല്‍.ഡി.എഫിനും ലഭിക്കുന്ന വോട്ടിനപ്പുറം നേടിയെടുക്കാന്‍ ശൈലജ ടീച്ചര്‍ക്ക് ആവുമോയെന്ന കാര്യത്തിലാണ് സംശയം. ഇടത് മുന്നണിയില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. വടകര അഴിയൂര്‍, ഏറാമല, പാനൂര്‍, കൊയിലാണ്ടി, മേപ്പയ്യൂര്‍ മേഖലകളില്‍ ആര്‍.ജെ.ഡിയ്ക്ക് സ്വാധീനമുണ്ട്. കഴിഞ്ഞ തവണ ആര്‍.ജെ.ഡി വോട്ടുകള്‍ ഏറെയും എല്‍.ഡി.എഫിന് ലഭിച്ചിരുന്നില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. 2004ല്‍ സതീ ദേവി ജയിച്ചതില്‍ പിന്നെ സി.പി.എമ്മിനിനെ കൈവിട്ട മണ്ഡലമാണ് വടകര. 2009ലും 14ലും മുല്ലപ്പളളി രാമചന്ദ്രനും, 2019ല്‍ കെ.മുരളീധരനുമാണ് വിജയിച്ചത്. എം.എം.ഷംസീറും പി.ജയരാജനുമെല്ലാം മുട്ടുമടക്കിയിടത്താണ് കെ.കെ.ശൈലജയെ സി.പി.എം അവതരിപ്പിച്ചത്.
കോണ്‍ഗ്രസ്സിലെ യുവാക്കളുടെ ഹരമാണ് ഷാഫി പറമ്പില്‍. മികച്ച നിയമസഭാഗം, യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായിരിക്കെ അതിശക്തമായ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത യുവജന നേതാവ്. 2011 മുതല്‍ പാലക്കാട് നിന്നുളള നിയമസഭാംഗം. പട്ടാമ്പി ഗവ കോളേജില്‍ നിന്ന് ബിരുദ പഠനവും പിന്നീട് എം.ബി.എ പഠനവും പൂര്‍ത്തിയാക്കി. പട്ടാമ്പി ഗവ കോളേജില്‍ കെ.എസ്.യുവിന്റെ യൂണിറ്റ് ഭാരവാഹിയില്‍ നിന്നാണ് രാഷ്ട്രീയ പ്രവേശം. 2019ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. പുതു തലമുറയുടെ മനസ്സ് ഷാഫിയ്‌ക്കൊപ്പമാണെന്നാണ് ചില ദേശീയ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍.
വടകര മണ്ഡലത്തില്‍ കരുത്ത് തെളിയിക്കാന്‍ സി.ആര്‍.പ്രഫുല്‍ കൃഷ്ണയും ശക്തമായി രംഗത്തുണ്ട്. തീരദേശ മേഖലയെ ഇളക്കി മറിച്ച് പ്രഫുല്‍ കൃഷ്ണ നടത്തിയ പ്രചാരണം ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് പ്രഫുല്‍.