കൊയിലാണ്ടി : ബ്ലുഫ്‌ളാഗ് പദവി ലഭിച്ച കാപ്പാട് ബിച്ചില്‍ കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന ഊഞ്ഞലുകളും ആടുന്നകസേരകളും പൊട്ടി തകര്‍ന്നു.കുട്ടികളുടെ പാര്‍ക്കിലെ കളിയുപകരണങ്ങളാണ് തുരുമ്പെടുത്ത് നശിച്ചത്. പല ഉപകരണങ്ങളും ഷീറ്റുപയോഗിച്ചു മൂടിയിട്ടിരിക്കുകയാണ്.ടിക്കറ്റെടുത്ത് അകത്ത് കയറുന്ന കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ പാകത്തിലുളള യാതോന്നും നിലവില്‍ ബീച്ചിലില്ല എന്നുളളതാണ് സത്യം. കുട്ടികള്‍ ഊര്‍ന്നിറങ്ങഉന്ന സ്ലൈഡിംഗ് പ്രവര്‍ത്തന രഹിതമാണ്. കടല്‍ക്കാറ്റേറ്റ് ഇരുമ്പ് കമ്പി എളുപ്പത്തില്‍ തുരുമ്പെടുക്കുന്നതാണ് കളിയുപകരണങ്ങള്‍ നശിക്കാനിടയാക്കുന്നതിന് പ്രധാന കാരണം. കൂടാതെ കുട്ടികള്‍ക്ക് കളിക്കാനുളള ഊഞ്ഞാലിലും കസേരകളിലും മുതിര്‍ന്നവര്‍ കയറി ഇരുന്നു ആടുന്നതും കളിക്കുന്നതും ഇവ പൊട്ടി തകരാന്‍ ഇടയാക്കാന്‍ പ്രധാന കാരണമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി )അധികൃതര്‍ പറയുന്നത്.
ഡെന്മാര്‍ക്കിലെ ഇന്‍ര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയണ്‍മെന്റ് എജുകേഷന്റെ ഇക്കോ ലേബര്‍ ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ഇത് നാലാം തവണയും പൂക്കാട് ബീച്ചിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബ്ലുഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ ബീച്ചാണ് കാപ്പാടിലേത്. ഇന്ത്യയില്‍ എട്ട് ബിച്ചുകള്‍ക്ക് മാത്രമാണ് ബ്ലുഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തീര ശുചിത്വം ,സഞ്ചാരികളുടെ സുരക്ഷ,സേവനങ്ങള്‍,പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട 33 കര്‍ശന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദവി ലഭിക്കുക.
ബ്ലുഫ്‌ളാഗ് പദവി ലഭിച്ച ബീച്ചാണെന്ന കാരണത്താല്‍ സംസ്ഥാനത്തിനകത്തും പുറത്തു നിന്നും നൂറ് കണക്കിന് സഞ്ചാരികളാണ് കാപ്പാട് തീരത്ത് എത്തുന്നത്.ഇതില്‍ വിദേശികളും ഉള്‍പ്പെടും.അവധിക്കാലമായതിനാല്‍ ധാരാളം സന്ദര്‍ശകര്‍ ഇപ്പോള്‍ കാപ്പാട് എത്തുന്നുണ്ട്. കാപ്പാട് ബിച്ചിലേക്ക് സന്ദര്‍ശകര്‍ക്ക് കടക്കാന്‍ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ അതിനനുസരിച്ച സൗകര്യങ്ങള്‍ ബീച്ചിലില്ലെന്ന ആക്ഷേപമാണ് സന്ദര്‍ശകര്‍ക്കുളളത്. ദ്രവിച്ചു അപകടകരമായ രീതിയിലുളള തുമായ ഊഞ്ഞാലുകള്‍,തുരുമ്പെടുത്ത ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം സമയാസമയം മാറ്റാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് സന്ദര്‍ശകരില്‍ നിന്നുളള ആക്ഷേപം.
ബ്ലൂഫ്‌ളാഗ് പദവിയുളള ബീച്ചിലേക്ക് പ്രവേശിക്കാന്‍ മുതിര്‍ന്നവരില്‍ നിന്ന് 25 രൂപയാണ് ഈടാക്കുന്നത്. കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 12 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ആളുകള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം എത്തിയാല്‍ 10 രൂപ നല്‍കിയാല്‍ മതി. വിദേശികളോട് 150 രൂപയും വിദേശികളുടെ മക്കളോട് 75 രൂപയുമാണ് വാങ്ങുന്നത്. ഫോട്ടോ എടുക്കാനും വീഡിയോയില്‍ പകര്‍ത്താനും 1000 രൂപ നല്‍കണം. രാവിലെ മുതല്‍ ആറ് മണിവരെയാണ് സന്ദര്‍ശന സമയം.
പ്രതികരണം
1-കുട്ടികളുടെ കളിയുപകരണങ്ങള്‍ അടിയന്തിരമായി നന്നാക്കാന്‍ ഡി.ടി.പി.സി നടപടിയെടുക്കും.തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുളളതിനാല്‍ പ്രത്യേക അനുമതിയോടെ മാത്രമേ ഉപകരണങ്ങള്‍ നന്നാക്കാനുളള ക്വേട്ടേഷന്‍ വിളിക്കാന്‍ കഴിയുകയുളളു. എന്നാല്‍ അവധിക്കാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തകര്‍ന്ന ഊഞ്ഞാലും ഇരിപ്പിടങ്ങളും അടിയന്തിരമായി നന്നാക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ഡോക്ടർ നിഖിൽദാസ് പറഞ്ഞു.