തൃശൂർ പൂരം അതൊരു മഹാ സാഗരമാണ്

കഴിഞ്ഞു പോയ വർഷം തിരക്ക് ഭീതിജനകമായിരുന്നു. April 30 ഞായർ അവധി, തൊട്ടടുത്ത ദിവസം May 1 അവധി

അന്നത്തെ ഭീകരമായ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഇത്തവണ രാത്രി പൂരമായാലോ എന്ന് സന്ദേഹമുണർന്നു

പക്ഷേ സമയമായപ്പോൾ മനമുണർന്നു

നേരെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക്, എക്സിക്യൂട്ടിവിന്

അങ്ങിനെ 10.30 ഓടെ റൗണ്ടിലെത്തുമ്പോഴെക്കും പ്രിയങ്കരനായ സന്തോഷ് കൈലാസ് ചേന്ദമംഗലം രഘുമാരാർക്ക് കൂട്ടുനിന്ന കാരമുക്ക് ഭഗവതിയുടെ ഘടകപൂര മേളം നഷ്ടമായി കഴിഞ്ഞിരുന്നു

ഘടകപൂരങ്ങൾ പിന്നെയും കൊഴുക്കുകയാണ്

മുന്നിൽ ഒരു പൂരം, പിന്നിൽ ഒരു പൂരം

ആനകൾക്കിടയിലെ ശ്രീമൂലസ്ഥാനത്തെ നടവഴി ജനസഹസ്രങ്ങളാൽ വീർപ്പുമുട്ടി

കനത്ത ചൂടും , പൊടിപടലങ്ങളും, ആർത്തനാദങ്ങളും അകമ്പടി നൽകിയതോടെ ശരിക്കും പൊറുതി മുട്ടി

അപ്പഴതാ ഘടകപൂരങ്ങളിലൊന്നു കൂടി കടന്നു വരികയാണ്

അതൊരു വെറും വരവായിരുന്നില്ല

രാമരാജാവിൻ്റെ എഴുന്നെള്ളത്തായിരുന്നു

എന്നു ബോധ്യമായി

ആറാം തമ്പുരാനിലെ ഉണ്ണിമായയുടെ ജൽപ്പനങ്ങൾ കനവിൽ തെളിഞ്ഞു

“മൂർത്തിയേക്കാൾ വല്ല്യ ശാന്തി ഉള്ള കാലമാണേയ് ”

കൊയിലാണ്ടിയിലും, പെരിന്തൽ മണ്ണയിലും ബിഗ് ബോസ് ൽ തോറ്റ ശേഷം അടുത്ത പാട്ടു മൽസരത്തിൽ കാണാമെന്ന് പറഞ്ഞ് Dr റോബിൻ അവതരിച്ചപ്പോഴുള്ള അലറി വിളികൾ , ആരാധക കൂട്ടത്തിൻ്റെ പെടച്ചിലുകൾ, പെടാപ്പാടുകൾ എല്ലാം ഓർമ്മയിൽ വന്നു

നെയ്തലക്കാവിലമ്മ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ്റെ പുറത്ത് പ്രൗഢഗംഭീരമായാണ് എഴുന്നെള്ളിയത്

പക്ഷേ രാമചന്ദ്രൻ വന്നതോടെ തിക്കും , തിരക്കും , ചൂടും
സർവ്വം ബഹളമയം

ശ്രീമൂലസ്ഥാനത്തെ പുറത്തേകവാടം ശരിക്കും ശ്വാസം മുട്ടിയ പ്രതീതി

ഘടക മേളാസ്വാദനം പാതിവഴിയിൽ ഉപേക്ഷിച്ച് എങ്ങിനെയും തടി കേടാവതെ രക്ഷപ്പെട്ടാൽ മതിയെന്നായി

പിന്നെ നേരെ റൗണ്ടിലെത്തി ഔഷധ കുടിവെള്ളം സ്വീകരിച്ച് 10 മിനുട്ട് Rest കഴിഞ്ഞ്

പാറമേക്കാവ് ലക്ഷ്യമിട്ട് റൗണ്ടിനെ വലം വച്ചു

പ്രസിദ്ധമായ ഭാരത് ഹോട്ടൽ, രാഗം , ജോസ് തിയ്യറ്ററുകൾ, ജനറൽ ആശുപത്രി എല്ലാം കടന്ന് പാറമേക്കാവിലെത്തി

ചിന്തകൾ മാറിത്തുടങ്ങി, എങ്ങുനിന്നോ മനോ ധൈര്യമുണർന്നു സമയം 11.30 കടന്നു

അവിടെ ഒരു മേളപ്രേമിയുമായി ചർച്ച കൊഴുക്കവെ, പെട്ടെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തായി വന്നയാളെ കണ്ട് ഞെട്ടി

എടക്കുന്നി ഭഗവതി ക്ഷേത്രത്തിൻ്റെ പ്രിയപ്പെട്ട വാര്യർ. FB യിലൂടെ സ്ഥിരം സംവദിക്കുന്ന എത്രയും പ്രിയപെട്ട Tശിവൻ ചേട്ടൻ. മേള സംവാദങ്ങൾ തൃശൂർ പൂരത്തോളം പ്രൗഢമായി കൊഴുത്തു തുടങ്ങി!

പാറമേക്കാവിൽ ഭഗവതി സർവ്വാഭരണ വിഭൂഷിതയായി
പഴുവിൽ രഘുമാരാർ ചെണ്ട മേൽ കോൽ പ്രയോഗം നടത്തി മധുരം വിളമ്പ വെ

എൻ്റെ മിഴിമുനകളൊക്കെയും ഒരേയൊരാളെ നിനച്ച് സഞ്ചാരം തുടങ്ങി

ഒടുവിൽ വലം വച്ച് ഭഗവതി തിരുമുമ്പിലെത്തവെ ആ ആൾ ചെണ്ടയും തോളിലേന്തി യുദ്ധ സജ്ജനായി ഒരുങ്ങി കഴിഞ്ഞിരുന്നു

അമ്പലത്തിന് പുറത്തു കടന്ന ഞാൻ 15 ആനകൾ നിരന്ന , വാദ്യകലാകാരൻമാർക്ക് പിറകിലെ ആർത്തലയ്ക്കുന്ന ആൾക്കൂട്ടത്തിലേക്കലിഞ്ഞു. ചെംപടയുടെ മധുര താളം തുറന്ന കാലത്തിലേക്ക് കടക്കുമ്പോൾ പൊരിവെയിലും, ആളുടെ തിരക്കും അസഹനീയമായി

ഒരു പക്ഷേ ആ തിക്ക് മുട്ട് ചെംപട താളത്തിൻ്റെ രുചിക്കൂട്ടിനെയും തോൽപ്പിക്കാൻ പോന്നതായിരുന്നു

അപ്പഴും എൻ്റെ ചിന്തകളിലൊക്കെയും ആ മഹാനുഭാവനായിരുന്നു .
ഹൃദയം നിറഞ്ഞ വേളയിൽ ഉരുകുന്ന വേനൽ എനിക്ക് കുളിർമഴയായി തോന്നി

കനത്ത ജനനിബിഡത എനിക്കൊരിളം തെന്നലായി സാന്ത്വനമേകി

അതെ അദ്ദേഹത്തിന് എന്നേക്കാൾ ഇരട്ടിയാണ് പ്രായം

രാജ്യം നഷ്ടപ്പെട്ട് വനവാസത്തിലലിഞ്ഞ ശ്രീരാമ ചന്ദ്രനെ പോലെ ഒരു കാലമുണ്ടായിരുന്നൊരാൾ

ചൂത് കളിയിലൂടെ രാജ്യം വിടേണ്ടി വന്ന പഞ്ചപാണ്ഡവരിലൊരാളെ പോലൊരാൾ

അയാൾ ഇന്ന് പട്ടാഭിഷേകം കഴിഞ്ഞ രാജാവാണ്

പോയ കാലത്തിൽ താൻ കുടിച്ച കയ്പ്നീരൊക്കെയും പഞ്ചാരപ്പായസമായി അതി മധുരം വിളമ്പിയാണ് അയാളിന്ന് മാലോകരെയും വരവേൽക്കുന്നത്

“എൻ്റെ മേൽ നീ നേടി എന്ന് കരുതുന്നതൊന്നു ജയമല്ലെടോ

എൻ്റെ മനസിനെ , ആത്മാവിനെ ജയിക്കാൻ നീ ഇനി ജൻമം പലതുമെടുക്കേണ്ടി വരും

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ ”

കത്തുന്ന വെയിലിനെയും , ചുറ്റിലും കൂടിയ തിക്കും തിരക്കിനെയും വകവെക്കാതെ മംഗലശ്ശേരി നീലകണ്ഠനെ പോലെ അയാൾ ഈ 78 ൻ്റെ നിറവിലും , ചുറുചുറുക്കോടെ ഇലഞ്ഞിത്തറയിൽ മേളം പെരുമ്പറ മുഴക്കാനായി ഒരുമ്പെട്ടിറങ്ങി കഴിഞ്ഞു

 

പെരുവനത്തിൻ്റെ സ്ഥിരം വാദ്യ വിഭവങ്ങളായിരുന്ന കേളത്ത്, പെരുവനം സതീശൻ മാരാർ, തിരുവല്ല രാധാകൃഷ്ണൻ, മട്ടന്നൂർ ശിവരാമൻ ഒന്നും ഇല്ലാത്ത മേള നിര

പഴുവിൽ രഘുമാരാരും, പാറമേക്കാവ് രാജപ്പ മാരാരും ആണ് വലത്, ഇടത് കൂട്ടുകൾ

പാറമേക്കാവിന് മുമ്പിൽ കിഴക്കൂട്ട് എന്ന വാദ്യ മേള മാന്ത്രികൻ ചെംപടതാളത്തിൽ അത്ഭുത രസം വിരിയിക്കവെ അറിയാതെ അറിയാതെ എന്നിൽ നിന്നും മിഴിനീർ മുത്തുകളായി ആനന്ദാശ്രുകൾ മണ്ണിലലിഞ്ഞു ചേർന്നു

“തേടി ചെല്ലുന്ന അവസരങ്ങളേക്കാൾ അറിഞ്ഞെത്തുന്ന അവസരങ്ങൾക്കാണ് മഹത്വം”

മനോഹരമായ ആ ജീവിത തത്വം മനസിൽ വ്രതമാക്കി അതൊരു ജീവിത സത്യമായി അനുഗൃഹീതനായ കിഴക്കൂട്ട് അനിയൻ മാരാർ എൻ്റെ മുന്നിലൊരു വിസ്മയമായി ഉയർന്നു പന്തലിച്ചു നിൽക്കയാണ്

ചെംപട കഴിഞ്ഞ് പാണ്ടി കൊലുമ്പവെ ഇലഞ്ഞിത്തറ മേളം എന്ന വിസ്മയം

വടക്കും നാഥനിൽ അകത്തു കയറി ആ വിസ്മയം നുകരുക ഹിമാലയൻ ടാസ്ക്ക് ആയതിനാൽ പിന്നെയും റൗണ്ട് വലം വച്ച് ശ്രീമൂല സ്ഥാനത്തേക്ക്

ഇതിനിടയിൽ ലഘു ഭക്ഷണം അകത്താക്കി

ചെംപടയുടെ കാഴ്ച്ചയിൽ അനുഗ്രഹിച്ച സൂര്യ രശ്മികളുടെ പ്രഹരത്തിൻ്റെ ക്ഷീണമറിഞ്ഞപ്പോൾ റൗണ്ടിന് മുമ്പിലെ ഒരു കൊച്ചു ഷോപ്പിന് മുമ്പിൽ അൽപ്പ നേരമിരുന്ന് പോയി

2:30 ന് തിരുവമ്പാടീടെ കദിന ഉയർന്നു കേട്ടപ്പോൾ മെല്ലെ എഴുന്നേറ്റു

നേരത്തെ പാറമേക്കാവിൽ നിന്നും ലഭിച്ച ആ മനോവീര്യം വീണ്ടുമുണർന്നു

നേരെ നായ്ക്കനാൽ ഭാഗത്തേക്ക്

അപൂർവ്വങ്ങളിലപൂർവ്വമായി ലഭിക്കുന്ന ഭാഗ്യം
തൃശൂർപൂരത്തിലാദ്യമായി ഏറ്റവും അടുത്ത്, മേളപ്രമാണിയെ നേരിൽ കണ്ട് കൊണ്ട് ഒരു മേളാസ്വാദനം എന്ന സ്വപ്നം സഫലമായി

മട്ടന്നൂരും , കിഴക്കൂട്ടും കൊട്ടിയ കാലത്തൊന്നും സാധിക്കാത്ത തിരുവമ്പാടി കണ്ണൻ്റെ ആ എഴുന്നെളത്ത് ചെരാനെല്ലൂരിനൊപ്പം ഇന്നലെ പൂവിട്ടു, കായ്ച്ചു,

ചേരാനെല്ലൂർ ആശാന് അഭിമുഖം, അദ്ദേഹത്തിന് പ്രോത്സാഹനമേകി ആനന്ദ നടനമാടി തന്നെ തിരുവമ്പാടീടെ ചെംപട മേളത്തിലലിഞ്ഞു

നായക്കനാലിൽ പാണ്ടി കൊലുമ്പിയപ്പോൾ മെല്ലെ അവിടുനിന്നും പിൻവാങ്ങിയ ശേഷം ശ്രീമൂലസ്ഥാനത്തേ മതിൽക്ക് വെളിയിൽ നിന്ന് ഇലഞ്ഞിത്തറ മേളം നൽകുന്ന ശബ്ദതരംഗങ്ങളെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാരംഭിച്ചു

ഇലഞ്ഞിത്തറയിൽ അപ്പഴേക്കും കിഴക്കൂട്ടു സംഘവും തുറന്ന കാലത്തിലേക്ക് കടന്നിരുന്നു . മേളം ഇരമ്പിയതിൻ്റെയും, ആളുകൾ പിടിവിട്ട് ആകാശ യാത്ര തുടങ്ങിയതിൻ്റെയും ഉൻമാദ ഹർഷങ്ങൾ വായുവിൽ ഉയർന്ന് കേട്ടു

മണി നാലായതോടെ ചേരാനെല്ലൂരും സംഘവും ശ്രീമൂലസ്ഥാനത്തെ പന്തലിലേക്ക് പ്രവേശിച്ചു

പാറമേക്കാവിലെ പോലെ തന്നെ അടിമുടി മാറ്റമാണ് തിരുവമ്പാടീടെ മേള നിരയിലും

ചെറുശ്ശേരിയും, കക്കാടും ഇല്ല

പകരം ഗുരുവായൂരപ്പൻ്റെ സ്വന്തം കോട്ടപ്പടി സന്തോഷ് മാരാർ, കുട്ടനെല്ലൂരമ്മയുടെ മാനസപുത്രൻ കുട്ടൻ മാരാർ

പുതുമുഖമായി കല്ലൂർ രാമൻ കുട്ടി ആശാൻ്റെ പുത്രൻ കല്ലൂർ ഉണ്ണികൃഷ്ണൻ്റെ വരവ് ആവേശം ഉണർത്തി .ഒപ്പം ചെർപ്പുളശ്ശേരി രാജേഷും

2011 ൽ വനവാസം കഴിഞ്ഞ് രാജ്യം നേടിയ ശ്രീരാമചന്ദ്രനായി കിഴക്കൂട്ട് അനിയൻ മാരാർ തിരുവമ്പാടി എത്തിയപ്പോൾ , ഒപ്പം ചേർന്ന ലക്ഷ്മണനെ പോലെ നിന്ന ചേരാനെല്ലൂർ ആശാൻ

ത്യാഗനിർഭരമായ ആ സമർപ്പണത്തിന് അർത്ഥമുണ്ടായ പോൽ തിരുവമ്പാടി ടെ മേളം സഹ്യനോളമുയർന്നു തുടങ്ങി

ശ്രീമൂല സ്ഥാനത്തെ പന്തലിൽ പാണ്ടിമേളം പൊട്ടിത്തെറിച്ചു

ആ വെടിക്കെട്ട് മേളത്തിൽ ജനസഹസ്രങ്ങൾ അഗ്നിച്ചിറകുകൾ വിരിച്ച് ആടിത്തിമിർത്തു

അതെ തൃശൂർ പൂരം അതൊരു വികാരമാണ്

കണ്ടറിഞ്ഞതിനേക്കാൾ വലുതാണ് തൃശൂർപൂരമെന്ന സത്യം

ഇലഞ്ഞിത്തറമേളം , മഠത്തിൽ വരവ് പഞ്ചവാദ്യം, കുടമാറ്റം, വെടിക്കെട്ട്

ഇങ്ങിനെ വിരലിലെണ്ണിയാൽ തീരുന്നതല്ല

പൂരമെന്ന സത്യം

അതൊരു മഹാസാഗരമാണ്

അതിൽ നിന്നും ഒരു കുമ്പിൾ അമൃതേത്ത് മാത്രമേ ഈയുള്ളവനും സേവിച്ചുള്ളൂ

Leave a Reply

Your email address will not be published.

Previous Story

പോളിംഗ് ഡ്യൂട്ടി; പരിശീലനം നഷ്ടമായവർക്ക് 22ന് ഒരു അവസരം കൂടി

Next Story

മാതൃക പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്

Latest from Culture

ദാനധർമ്മത്തിന്റെ പ്രാധാന്യം ഓർക്കണം

ഒരു ഈത്തപ്പഴത്തിന്റെ കഷണം കൊണ്ടെങ്കിലും നിങ്ങൾ ദാന ധർമ്മങ്ങൾ നിർവഹിക്കണമെന്നാണ് പ്രവാചകൻ്റെ ഉദ്ബോധനം. മക്കയിലും മദീനയിലും പ്രവാചകന്റെ കാലഘട്ടത്തിൽ മിക്ക വീടുകളിലും

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം

ക്ഷമയും സഹനവുമാണ് വ്രതനാളുകളുടെ പ്രധാന ലക്ഷ്യം. ആത്മാവിനെ സംസ്കരിക്കുകയും തിൻമകളിൽ നിന്ന് അകന്ന് നിൽക്കുകയും കാരുണ്യ പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതോടെ ഒരു

വിശുദ്ധ മാസം വിജ്ഞാനത്തിന്റേത് കൂടിയാണ്

റമദാൻ മാസത്തിൽ വിശ്വാസികൾ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്നതോടൊപ്പം വിജ്ഞാന സംബോധനം കൂടി മുഖ്യമായി കാണുന്നുണ്ട്. മാസം മുഴുവൻ വിജ്ഞാനത്തിന്റെ വേദികളാൽ വിശ്വാസികളുടെ

തെയ്യം – വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം

വയനാട്ടു കുലവൻ വടക്കെ മലബാറിലെ തിയ്യ സമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തിയാണ് വയനാട്ടുകുലവൻ. ആദി തിയ്യൻ ആയതുകൊണ്ട് വയനാട്ടുകുലവനെ തൊണ്ടച്ചൻ എന്നും വിളിക്കുന്നു.ഐതിഹ്യം,

തെയ്യം- വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – വേട്ടയ്ക്കൊരുമകൻ

വേട്ടയ്ക്കൊരു മകൻ തെയ്യം ആരാധനയിൽ ഏറെ പ്രാധാന്യമുള്ള ഒരു ദേവതയാണ് വേട്ടയ്ക്കൊരു മകൻ അഥവാ കിരാതസൂനു.പുരാണകഥാപാത്രങ്ങൾ തെയ്യങ്ങളായി മാറുന്നതിനും ഇതിഹാസനായകന്മാരെ ചരിത്രത്തിൽ