തിരുവനന്തപുരം: നവകേരള ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസിനായി ഉപയോഗിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ബസിന്റെ നിരക്ക് കൂടുതല്‍ ആയരിക്കും. സ്റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും.
മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ടാക്ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കിയിരുന്നു. അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റി. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനക്രമീകരിച്ചാണ് സ്ഥലം ഒരുക്കിയിട്ടുള്ളത്.
അതേസമയം ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്സും മാറ്റിയിട്ടില്ല. 1.15 കോടി മുടക്കില്‍ ഭാരത് ബന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല. ഭാരത് ബന്‍സിന്റെ ഈ ബസ് പിന്നീട് നവകേരള സദസിന് ശേഷം പുതുക്കി പണിയുന്നതിനായി ബംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാസങ്ങളോളം വര്‍ക്ക് ഷോപ്പില്‍ കിടന്ന വാഹനം പിന്നീട് കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്.