ദുബൈ: കനത്തമഴയെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ യു.എ.ഇയിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 1,244 വിമാനങ്ങൾ റദ്ദാക്കി. 46 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. അവതാളത്തിലായ ദുബൈ വിമാനത്താവള പ്രവർത്തനം ഇനിയും പൂർവ സ്ഥിതിയിലായിട്ടില്ല. 24 മണിക്കൂറിനകം പ്രവർത്തനം പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്.
ഇന്ന് രാവിലെ ടെർമിനൽ ഒന്നിലും മൂന്നിലും പ്രവർത്തനം ഭാഗികമായി പുനസ്ഥാപിച്ചു. റോഡുകളും ജനജീവിതവും സാധാരണ നിലയിലാക്കാൻ ശ്രമം തുടരുകയാണ്. ദുരിതം വാദിച്ച ജനങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി.
ടെർമിനൽ മൂന്നിൽ ഫ്ലൈ ദുബായ്, എമിറേറ്റ്സ് ചെക്ക് ഇൻ വീണ്ടും തുടങ്ങി. റോഡുകളിൽ വെള്ളക്കെട്ട് നീക്കാൻ ശ്രമം തുടരുകയാണ്. ദുബായ് മെട്രോയിൽ കൂടുതൽ സ്റ്റേഷനുകൾ സാധാരണ നിലയിലായിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയിൽ ഒരു വർഷം ലഭിക്കുന്ന മഴയാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ദുബായിൽ ലഭിച്ചത്.
അതേസമയം, യു.എ.ഇയിലെ മിക്ക നഗരങ്ങളും ഇപ്പോഴും രൂക്ഷമായ വെള്ളക്കെട്ടിലാണ്. ദുബൈ, ഷാർജ, അജ്മാൻ തുടങ്ങിയ നഗരങ്ങളിലെ പ്രധാനറോഡുകളിൽ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് മൂലം പുറത്തിറങ്ങാൻ കഴിയാതെ കെട്ടിടങ്ങളിൽ കുടുങ്ങിയവരും നിരവധിയാണ്. കെട്ടിടങ്ങളിലും വിമാനത്താവളങ്ങളിലും കുടുങ്ങിയവർക്ക് ഭക്ഷണമെത്തിച്ച് പ്രവാസി കൂട്ടായ്മകളും സേവനരംഗത്ത് സജീവമാണ്.
ദുരിതത്തിൽ നിന്നു കരകയറാൻ സമ്പൂർണ പിന്തുണയാണ് യുഎഇ ഉറപ്പ് നൽകുന്നത്. പൗരൻ എന്നോ പ്രവാസി എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്ന് പ്രസിഡന്റ് ഷെയഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. പ്രതിസന്ധികൾ സമൂഹത്തിന്റെയും ജനങ്ങളുടെയും യഥാർത്ഥ കരുത്ത് വെളിവാക്കുന്നു എന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.