ഡിഡി ന്യൂസ് ദൂരദർശൻ ഇംഗ്ളീഷ്, ഹിന്ദി വാർത്താചാനലുകളുടെ പുതിയ ലോഗോ പുറത്തിറക്കി. കാവി നിറത്തിലാണ് പുതിയ ഡിസൈൻ. നേരത്ത ഇത് മഞ്ഞയും നീലയുമായിരുന്നു. എക്‌സിലൂടെയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
‘മുമ്പെങ്ങുമില്ലാത്ത വിധം ഒരു വാർത്താ യാത്രക്ക് തയ്യാറാകൂ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭരണപക്ഷത്തിന് അനുകൂലമായ വാർത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനിൽക്കേയാണ് ലോഗോയുടെ നിറം കാവിയായി മാറ്റിയത്. ഇതും ഏറെ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. ലോഗോയിൽ മാത്രമല്ല, ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം, നിറം മാറ്റത്തിനെതിരെ സോഷ്യൽ മീഡിയകളിൽ നിന്നുൾപ്പെടെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിന് വേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും കമന്റുകൾ ഉണ്ട്.
ലോഗോയിൽ മാത്രമാണ് ദൂരദർശൻ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങൾ പഴയപടി തുടരുമെന്നും ഡിഡി ന്യൂസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വ്യക്‌തമാക്കി. കൃത്യവും സത്യസന്ധവുമായ വാർത്തയാണ് തങ്ങൾ മുന്നിലെത്തിക്കുന്നതെന്നും പോസ്‌റ്റിൽ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവർത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റ് ഡയറക്‌ടർ ജനറൽ എക്‌സ് പോസ്‌റ്റിൽ പ്രതികരിച്ചു.