കാരയാട്: ശ്രീ തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിൽ വീണ്ടും പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങളോടെ കൂത്ത് അരങ്ങേറ്റം നടന്നു. 113 വർഷങ്ങൾ മുൻപ് പത്മശ്രീ മാണി മാധവചാക്യാർ അരങ്ങേറ്റം കുറിച്ച വലിയമ്പലം ഇന്ന് അദ്ദേഹത്തിൻറെ പരമ്പരയിലെ ഇളമുറക്കാരൻ ആയ മാണി ഹരിദേവ് ചാക്യാരുടെ അരങ്ങേറ്റത്തിന് വേദിയായി. ബാലചരിതം കൂടിയാട്ടത്തിലെ വലിയ സൂത്രധാരനായി രംഗത്തെത്തിയ ഹരിദേവ് ചാക്യാരോടൊപ്പം ഹരീഷ് നമ്പ്യാരും മുരിയമംഗലം നമ്പ്യാർ മഠത്തിൽ ഇന്ദിര നങ്ങ്യാരമ്മയും അരങ്ങത്തെത്തി.
പത്മശ്രീ മാണി മാധവ ചാക്യാരുടെ മരുമകളുടെ മകൾ പത്മാവതി ഇല്ലോടമ്മയുടെ പുത്രനായ മാണി മാധവാനന്ദ ചാക്യാരുടെയും പൂർണിമയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ഹരിദേവ്. പത്മശ്രീ മാണി മാധവചാക്യാരുടെ ഓർമ്മകൾ ഉറങ്ങുന്ന വേദിയെ മിഴാവിൻറെ താളത്താൽ വീണ്ടും മുഖരിതമാക്കിയത് ചാക്യാരുടെ മൂത്ത പുത്രൻ പത്മശ്രീ പി കെ നാരായണൻ നമ്പ്യാരുടെ മകനായ ഹരീഷ് നമ്പ്യാരാണ് എന്നത് മറ്റൊരു കൗതുകമായി. ഗുരുക്കൻമാരായ മാണി നീലകണ്ഠ ചാക്യാരുടെയും ഹരീഷ് നമ്പ്യാരുടെയും ശിഷ്യത്വത്തിലാണ് ഹരിദേവ് കൂത്ത് അഭ്യസിക്കുന്നത്.