തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികളിൽ നിന്നെന്ന വ്യാജേന സൈബര്‍ തട്ടിപ്പുകാര്‍ പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നു. പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്, സൈബർ സെൽ, ഇന്‍റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങിയവയിലെ ഉദ്യോഗസ്ഥാരാണെന്ന വ്യാജേന ബന്ധപ്പെട്ട് പണം തട്ടുന്ന രീതി അടുത്തിടെ സംസ്ഥാനത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഫോണിൽ വീണ്ടും വിളിച്ചു ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാർ സ്കൈപ്പ് വഴിയും മറ്റും ഉള്ള വീഡിയോ കോളിൽ പങ്കെടുക്കാൻ നിർബന്ധിക്കും. മുതിർന്ന പൊലീസ് ഓഫിസറുടെ യൂണിഫോം ധരിച്ചായിരിക്കും അവർ വീഡിയോ കോളിൽ പ്രത്യക്ഷപ്പെടുക. നിങ്ങൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും വിർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും തങ്ങളുടെ അനുവാദമില്ലാതെ ഇനി എങ്ങോട്ടും പോകാൻ പാടില്ലെന്നും അവർ അറിയിക്കും. വീഡിയോ കോളിനിടെ അവർ നിങ്ങളുടെ സ്വകാര്യവിവരങ്ങളും സാമ്പത്തിക സ്ഥിതിയുമൊക്കെ ചോദിച്ചു മനസിലാക്കുന്നു. നിങ്ങളുടെ സമ്പാദ്യം പരിശോധനയ്ക്കായി നൽകണമെന്നും നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ചശേഷം തുക തിരിച്ച് നൽകുമെന്നും അറിയിക്കുകയാണ് അടുത്ത ഘട്ടം. പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ, അവർ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങൾ പണം ഓൺലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂർത്തിയാകുന്നു.
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരം തട്ടിപ്പിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പലർക്കും നഷ്ടമായത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഓഫിസിൽ നിന്നെന്ന വ്യാജേന ഇത്തരത്തിൽ ലഭിച്ച ഫോൺ സന്ദേശത്തോട് പ്രതികരിച്ച എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപയാണ് നഷ്ടപ്പെട്ടത്. മുംബൈ പൊലീസിൽ നിന്ന് എന്ന പേരിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റൊരാളുടെ കയ്യിൽ നിന്ന് 30 ലക്ഷം രൂപ കവർന്നത്. പണം നഷ്ടപ്പെട്ടാൽ ആദ്യമണിക്കൂറിൽ തന്നെ അക്കാര്യം 1930 എന്ന നമ്പറിൽ അറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ സംശയാസ്പദമായ രീതിയിലുള്ള ആവശ്യം ആരെങ്കിലും ഫോണിലോ ഇ-മെയിൽ മുഖേനയോ ഉന്നയിച്ചാൽ ഉടൻ തന്നെ സൈബർ പൊലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.