കൊയിലാണ്ടി: പൂക്കാട് കലാലയം കനക ജൂബിലി കളിആട്ടം ഏപ്രിൽ 16 മുതൽ 21 വരെ കലാലയം സർഗവനിയിൽ. നടക്കും. അറിവും ആനന്ദവും അനുഭവവും കോർക്കപ്പെടുന്ന കുട്ടികളുടെ അവധിക്കാല മഹോത്സവം മൃദുവ്യായാമങ്ങൾ, തിയറ്റർ പരിശീലനം, സൗഹൃദ സല്ലാപം എന്നിവയിലൂടെ ബാല്യകൗമാരങ്ങളിൽ മാനവീയ കലാമൂല്യങ്ങൾ വിളക്കിയെടുക്കുന്ന സമഗ്ര വിദ്യാഭ്യാസ പോഷണ പദ്ധതിയാണ്. കളിആട്ടത്തിൻ്റെ പതിമൂന്നാമത് കളരിയാണിത്. ഈ പ്രാവശ്യം വിവിധ ജില്ലകളിൽ നിന്നായി 600ൽ പരം വിദ്യാർഥികൾ പങ്കെടുക്കും.
കളിആട്ടം ഏപ്രിൽ 16 ന് രാവിലെ 10 മണിക്ക് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ബിജു കാവിൽ അധ്യക്ഷത വഹിക്കും. സുവർണ ജൂബിലി ചെയർമാൻ ഗായകൻ വി.ടി. മുരളി, ഡി.ഡി.ഇ. മനോജ് മണിയൂർ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സംബന്ധിക്കും.
ചെറിയ കൂട്ടുകാർക്കുള്ള കുട്ടികളി ആട്ടം 18ന് രാവിലെ 9.30ന് സായിശ്വേത ടീച്ചർ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകീട്ട് നാടകോത്സവത്തിൽ പ്രശസ്ത തിയറ്റർ സംഘങ്ങൾ കുട്ടികളുടെ നാടകം അവതരിപ്പിക്കും. നാടകോത്സവം 16 ന് വൈകീട്ട് 6.15ന് ചലച്ചിത്ര നാടക പ്രവർത്തകൻ ടി. സുരേഷ്ബാബു ഉദ്ഘടനം ചെയ്യും. തിയറ്റർ പരിശീലനങ്ങൾക്ക് ഡയരക്ടർ മനോജ് നാരായണനും കോ- ഓഡിനേറ്റർ എ. അബൂബക്കർമാസ്റ്ററും നേതൃത്വം നൽകും. നാടക തിയറ്റർ പ്രവർത്തകരായ ജാസിർ, ശരത് കെ.പാച്ചു, അശ്വിൻറാം, റെജിനാസ്, വിഷ്ണു സജ്ന നാഗത്തിങ്കൽ കേമ്പ് വിദ്യാർഥിസംഘങ്ങളെ നയിക്കും.
വിദ്യാർഥികളുമായുള്ള സല്ലാപത്തിലും മുഖാമുഖത്തിലും വിവിധ മേഖലയിലെ നൈപുണ്യ വിദഗ്ദർ ജയപ്രകാശ് കുളൂർ, ഡോ അഭീഷ് ശശിധരൻ, ഗീത കെ.എസ് രംഗപ്രഭാത്, എം.എം. സചീന്ദ്രൻ, കബനി, സന്തോഷ് കീഴാറ്റൂർ, കലാമണ്ഡലം പ്രേംകുമാർ, ശിവദാസ് പൊയിൽക്കാവ്, നൗഷാദ് ഇബ്രാഹിം, കൃഷ്ണകുമാർ കിഴിശ്ശേരി, സജയ് കെ.വി, കെ.ടി.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ഏപ്രിൽ 19 ന് ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അത്തോളി ഗ്രാമപഞ്ചായത്തുകളിലെ 7 വിദ്യാലയങ്ങളിൽ സൗഹൃദ കളി പന്തലുകൾ ഒരുക്കും. ചേമഞ്ചേരി യു.പി.സ്ക്കൂൾ, പൊയിൽക്കാവ് യു.പി.സ്ക്കൂൾ, എടക്കുളംവിദ്യാതരംഗിണി എൽ.പി.സ്ക്കൂൾ, ചേമഞ്ചേരി കൊളക്കാട് യു.പി.സ്ക്കൂൾ, കണ്ണങ്കടവ് ഗവ. എൽ.പി.സ്ക്കൂൾ, വേളൂർ ഗവ. യു.പി. സ്ക്കൂൾ കളി ആട്ടം കേമ്പ് അംഗങ്ങൾക്കൊപ്പം സ്കൂൾ വിദ്യാർഥികളേയും പങ്കെടുപ്പിച്ച് ആതിഥേയത്വം നൽകും. സമാപന സമ്മേളനം 21 ന് വൈകീട്ട് നാടകരചയിതാവ് സുരേഷ്ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും.