ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്ക് അതൊന്ന് വൃത്തിയാക്കാനും അണുനാശിനി കൊണ്ട് തുടയ്ക്കാനും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. ഇയര്‍ഫോണുകളില്‍ അടിഞ്ഞു കൂടുന്ന അഴുക്കും അണുക്കളും ചെവിയില്‍ അണുബാധയുണ്ടാക്കി കേള്‍വി ശക്തിയെ തന്നെ ബാധിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വൃത്തിയാക്കാത്ത ഇയര്‍ഫോണുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ചെവിയിലെ ഈര്‍പ്പവും ചൂടുമൊക്കെ ചേര്‍ന്ന് അണുക്കളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കാറുണ്ട്. ഹാനികരങ്ങളായ അണുക്കള്‍ ഇയര്‍ കനാലിലേക്ക് വന്ന് അണുബാധകള്‍ ഇത് മൂലം ഉണ്ടാകാം. അണുബാധകള്‍ ചെവിയില്‍ നീര്‍ക്കെട്ടിനും ദ്രാവകങ്ങള്‍ കെട്ടിക്കിടക്കാനും ഇടയാക്കും. ചെവിക്കുള്ളിലെ കേള്‍വിയെ സഹായിക്കുന്ന അതിലോല ഘടകങ്ങളെയും ഇത് ബാധിക്കും. അടിക്കടിയുണ്ടാകുന്ന അണുബാധകള്‍ താത്ക്കാലികവും സ്ഥിരവുമായ കേള്‍വി നഷ്ടത്തിന് കാരണമാകുന്നതാണ്.
ഹെഡ്‌ഫോണുകള്‍ പലരുടെ ഉപയോഗത്തിനായി പങ്കുവയ്ക്കുന്നതും ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അണുക്കള്‍ പടരാനിടയാക്കും. ഇയര്‍ഫോണുകളിലെ ബാക്ടീരിയ സാന്നിധ്യം ചെവിക്കുള്ളിലും ചുറ്റിനുമുള്ള ചര്‍മ്മ സംബന്ധിയായ പ്രശ്‌നങ്ങളെ അധികരിപ്പിക്കും. ശ്രവണ സംവിധാനത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഹാനികരമാണ്.