കൊയിലാണ്ടി: വെട്ടിൻ്റെയും അരും കൊലയുടെയും രാഷ്ട്രീയത്തെ വോട്ട് കൊണ്ട് പ്രതിരോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ശമ്പളവും പെൻഷനും ഒരുപോലെ മുടക്കിയ സംസ്ഥാന സർക്കാരിനുള്ള മറുപടികൂടി ബാലറ്റിലൂടെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊയിലാണ്ടി മണ്ഡലം പര്യടന പരിപാടികളിൽ സംസാരിക്കുകയായിരുന്നു ഷാഫി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തിനാണ് ബോംബ്? എങ്ങനെയാണ് പോസ്റ്റർ പോലെ, ബോർഡ് പോലെ, കട്ടൗട്ട് പോലെ ബോംബ് ഒരു തെരഞ്ഞെടുപ്പ് സാമഗ്രി ആവുന്നത്? ആരെ വകവരുത്താൻ ആയിരുന്നു ബോംബ് ഉണ്ടാക്കിയവരുടെ ഉദ്ദേശ്യം? ഏതൊക്കെ അമ്മമാരുടെ കണ്ണുനീർ ഈ മണ്ണിൽ വീഴുമായിരുന്നു. ബോംബ് സ്വയം പൊട്ടിയപ്പോഴും അത് വേറെ കുറെ അമ്മമാരുടെ കണ്ണീരായി അവശേഷിച്ചു. അതിനാൽ ഈ കണ്ണീർ കഥകൾ നമുക്ക് അവസാനിപ്പിക്കേണ്ടതുണ്ട്. അരും കൊലയുടെ രാഷ്ട്രീയം ജനങ്ങൾക്ക് മടുത്തിരിക്കുന്നു.
ഈ കാലത്തും ബോംബിൻ്റെ രാഷ്ട്രീയം പയറ്റുന്ന സിപിഐ എമ്മിനുള്ള മറുപടി ബാലറ്റിലൂടേ നൽകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
നാട്ടിൽ സകലതിനും വിലക്കയറ്റമാണ്. തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റത്തിന് ഇടയിലും ശകവും ക്ഷേമപെൻഷൻ പോലും കൊടുത്തു തീർക്കുന്നില്ല. ഇത് സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ആദ്യമാണ്. ജനങ്ങളെ തമ്മിൽ അടിപ്പിച്ചു രാജ്യം തകർക്കുന്ന കേന്ദ്ര സർക്കാരിനും അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ച സംസ്ഥാന സർക്കാരിനുമുള്ള മറുപടി ബാലറ്റിൽ കൂടി നൽകണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
രാവിലെ തിരുവങ്ങൂർ കേരള ഫീഡ്സ് പരിസരത്തുനിന്നാണ് കൊയിലാണ്ടി നിയോജക മണ്ഡലം പര്യടന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ശേഷം കാപ്പാട്, തൂവക്കോട്, ചേലിയ, മേലൂർ, കോതമംഗലം, പെരുവട്ടൂർ, ഇല്ലാത്ത്താഴ വഴി മുചുകുന്ന് ഓട്ടുകമ്പിനി പരിസരത്ത് എത്തി.
ഇവിടെനിന്ന് കിടഞ്ഞിക്കുന്ന്, ചിങ്ങപുരം, തിക്കോടിതെരു, തച്ചൻകുന്ന്, അയനിക്കാട്, മൂരാട് വഴി ഇരിങ്ങലിൽ പര്യടനം സമാപിച്ചു.