കൊയിലാണ്ടി: വേനല്‍ച്ചൂടില്‍ വെന്തുരുകുമ്പോള്‍ ഇളനീര്‍ വില്‍പ്പന പൊടിപൊടിക്കുന്നു. 40 രൂപ മുതല്‍ 60 രൂപ വരെ ഈടാക്കിയാണ് ഇളനീര്‍ വില്‍പ്പന. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന ഇളനീരാണ് അധികമായും വില്‍ക്കുന്നത്. എന്നാല്‍ ഇയൊരു വിപണന സാധ്യതയുടെ വ്യാപ്തി കേര കര്‍ഷകരോ,കര്‍ഷക സംഘടനകളോ ഇനിയും വേണ്ടവിധം ഉള്‍ക്കൊളളിട്ടില്ല.
തമിഴ്‌നാട്,കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന് ലോഡുകണക്കിന് ഇളനീരുകളാണ് കേരം തിങ്ങിയ നമ്മുടെ നാട്ടിലേക്ക് എത്തുന്നത്.വെളളം കൂടുതല്‍ ഉണ്ടാവുമെന്നല്ലാതെ,നാട്ടിന്‍ പുറങ്ങളില്‍ കിട്ടുന്ന ഇളനീര്‍ വെളളത്തിന്റെ രുചിയോ,ഗുണമോ ഇല്ലാത്തതാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്നത്. എന്നാലും അമിത വില നല്‍കി വാങ്ങി കുടിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനൊരു പരിഹാരം പ്രധാന നഗരങ്ങളിലും,ദേശീയ പാതയോരങ്ങളിലും നാടന്‍ ഇളനീര്‍ പാര്‍ലറുകള്‍ വ്യാപകമായി തുടങ്ങുകയാണ് വേണ്ടത്. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രി യൂനിറ്റുകളും മുന്നോട്ട് വന്നാല്‍ കേര കര്‍ഷകര്‍ക്കും അതു കൊണ്ട് പ്രയോജനമുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍,ആരാധനാലയങ്ങള്‍,പാര്‍ക്കുകള്‍,വിദ്യാലയങ്ങള്‍ എന്നിവയുടെ സമീപത്തായി ഇളനീര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങുകയാണ് വേണ്ടത്.
നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ഇളനീര്‍ സംഭരിക്കാനുളള പ്രയാസമാണ് വ്യാപാരികള്‍ ചൂണ്ടികാട്ടുന്ന പ്രധാന വിഷയം. തെങ്ങില്‍ നിന്ന് ഇളനീര്‍കുലകള്‍ വെട്ടിയിട്ടാല്‍ താഴെ വീണു പൊട്ടിച്ചിതറും. ഇതിന് പരിഹാരമായി കയറില്‍കെട്ടി താഴ്ത്തുകയാണ് വേണ്ടത്. ഇതിന് അധ്വാനം കൂടുതലായതിനാല്‍ തെങ്ങു കയറ്റ തൊഴിലാളികളോ കേര കര്‍ഷകരോ ഇക്കാര്യത്തില്‍ താല്‍പ്പര്യമെടുക്കാറില്ല. വിപണന സാധ്യത കൂടുകയും കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്താല്‍ ഇളനീര്‍ സംഭരണം ഗ്രാമീണ മേഖലകളിലും വര്‍ദ്ധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഇളനീര്‍ സംഭരിക്കാനായി മാത്രം വെച്ചു പിടിപ്പിക്കുന്ന കുളളന്‍ തെങ്ങുകളുണ്ട്. ഈ കൃഷി രീതി ഇവിടെയും വ്യാപകമാക്കേണ്ടതുണ്ട്.പാലക്കാട് നിന്നാണ് ഇപ്പോള്‍ കൂടുതലും ഇളനീര് എത്തുന്നത്. വേനല്‍ കടുത്തതോടെ ദിവസവും നൂറ് കണക്കിന് ഇളനീര്‍ ചെലവാകും. ഇളനീര്‍ ജൂസിനും ആവശ്യക്കാരെറെയാണ്. ക്ഷീണമകറ്റാനും ഉന്മേഷവും പ്രസരിപ്പും,പ്രതിരോധ ശേഷിയും കൂട്ടാനും ഇളനീര്‍ കുടിക്കുന്നതിലൂടെ സാധിക്കും.