സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നാരംഭിക്കും. രണ്ട് ഗഡുക്കളായാണ് വിതരണം ചെയ്യുക. റമദാന്‍ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെന്‍ഷന്‍ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാന്‍-വിഷു ആഘോഷങ്ങള്‍ക്ക് മുന്‍പായി ആളുകളുടെ കൈയില്‍ പണമെത്തിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക അവശേഷിക്കും. 62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേയാണ് രണ്ട് ഗഡുക്കളുടെ വിതരണം നടത്തുന്നത്. ക്ഷേമ പെന്‍ഷന്‍ വൈകുന്നത് സംബന്ധിച്ച് ഒട്ടേറെ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ സമീപനമാണ് ക്ഷേമപെന്‍ഷന്‍ വൈകാന്‍ കാരണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്.