അവധിക്കാലം ആസ്വദിക്കാൻ ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ തിരക്കേറുന്നു .കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം കരിയാത്തൻപാറ ടൂറിസ്റ്റ് കേന്ദ്രം സഞ്ചാരികൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരിടമാണ്. ശാന്തമായ അന്തരീക്ഷവും പച്ച വിരിച്ച ചോലകളും തേടുന്ന സഞ്ചാരികൾക്ക് ഉചിതമായ സ്ഥലമാണ് കരിയാത്തുംപാറ. മലബാറിന്റെ തേക്കടി, മലബാറിന്റെ ഊട്ടി എന്നെല്ലാം ഇതിന് വിളിപ്പേരുണ്ട്.
കക്കയം ഡാമിന്റെ താഴ് വാരയ്ക്ക് കീഴിലായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. മലനിരകളിറങ്ങിവരുന്ന സ്ഫടികജലം, ഉരുളൻ കല്ലുകൾനിറഞ്ഞ പുഴ, കല്ലുകൾക്കിടയിലൂടെ നീന്തി ത്തുടിക്കുന്ന മീനുകൾ, മാനംമുട്ടുന്ന മലകൾ, ഹൃദയം കവരുന്ന ഭൂപ്രകൃതിയിൽ ഒട്ടേറെ മരങ്ങൾ വെള്ളത്തിനടിയിലും പാതി പുറത്തുമൊക്കെയായിക്കാണുന്ന കാഴ്ചകളുമൊക്കെയാണ് ഇവിടത്തെ ആകർഷണം.
ഇരുകരകളിലുമായി വെള്ളത്തിലേക്ക് മുഖംനോക്കിയിരിക്കുന്ന അക്വേഷ്യമരങ്ങൾ കരിയാത്തും പാറയുടെ ഭംഗി വർധിപ്പിക്കും. വിനോദസഞ്ചാരികൾ വെള്ളത്തിൽമുങ്ങിയുള്ള അപകടമരണങ്ങൾ വർധിച്ചതോടെ അതിരുകൾ ഇരുമ്പുവേലികൾ കെട്ടി ഗേറ്റ് വെച്ച് പ്രവേശനഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവർക്ക് 30 രൂപയാണ് ഫീസ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്.
ഒരുദിവസത്തെ ട്രിപ്പ് പ്ലാൻചെയ്ത് വരുന്നവർക്ക് കരിയാത്തുംപാറയ്ക്ക് പുറമേ സന്ദർശിക്കാൻ പറ്റിയ ഒട്ടേറെസ്ഥലങ്ങളും സമീപത്തായുണ്ട്. കക്കയം ഡാംസൈറ്റ്, തോണിക്കടവ്, പെരുവണ്ണാമുഴി ഡാം, വയലട, നമ്പികുളം, മുത്തശ്ശിപ്പാറ, ജാനകിക്കാട് എന്നിവിടങ്ങളൊക്കെ സന്ദർശിച്ച് മടങ്ങാം. ടൂറിസ്റ്റുകൾക്ക് ആവശ്യമായ ശൗചാലയ സൗകര്യമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കരിയാത്തുംപാറ തോണിക്കടവ് ടൂറിസംപദ്ധതിയുടെ മൂന്നാംഘട്ട വികസനത്തിനായി ബജറ്റിൽ രണ്ടുകോടിരൂപ വക യിരുത്തിയിട്ടുണ്ട്. കോഴിക്കോട്ടു നിന്ന് രണ്ട് വഴികളുണ്ട് കരിയാത്തുംപാറയിലേക്ക്, ബാലുശ്ശേരിയെത്തി കൂരാച്ചുണ്ട് വഴി കരിയാത്തുംപാറയെത്താം. താമരശ്ശേരിവഴി വരുന്നവർക്ക് പുനൂർ -എസ്റ്റേറ്റ്‌മുക്ക് വഴിയും ഇവിടെയെത്താം.