കേന്ദ്രസർക്കാർ പുക പരിശോധനയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കർശനമാക്കി. കേന്ദ്രചട്ടപ്രകാരം സംസ്ഥാനത്തെ പെട്രോൾ വാഹനങ്ങളുടെ പുക പരിശോധനയിലാണ് പരിഷ്‌കരണം കൊണ്ടുവന്നിരിക്കുന്നത്. മുമ്പ് പ്രാബല്യത്തിൽ ഉണ്ടായിരുന്ന സംവിധാനത്തിൽ ആദ്യ രണ്ടാഴ്ച അഞ്ച് ലക്ഷം വാഹനങ്ങൾ പരിശോധിച്ചു. ഇവയിൽ 8,128 എണ്ണം മാത്രമായിരുന്നു പരാജയപ്പെട്ടത്. എന്നാൽ മാർച്ച് 17-ന് ശേഷം പുതിയ രീതി പ്രാബല്യത്തിൽ വന്നതോടെ ഇക്കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.
ബിഎസ് 4 പെട്രോൾ ഇരുചക്ര-നാലുചക്ര വാഹനങ്ങളിൽ അന്തരീക്ഷ മലിനീകരണ തോത് കുറയ്‌ക്കുന്നതിന്റെ ഭാഗമായാണ് ബഹിർഗമന വാതകങ്ങളുടെ അളവ് വിശകലനം ചെയ്യുന്നത്. ഇന്ധനജ്വലനത്തിൽ പോരായ്മകൾ കണ്ടെത്തിയാൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. എയർഫിൽട്ടർ, സ്പാർക്ക് പ്ലഗ്, എന്നിവ കൃത്യമായ ഇടവേളകളിൽ മാറ്റാതിരിക്കുന്നതും കാർബറേറ്ററിൽ തടസമുണ്ടാകുന്നതും പുക മലിനീകരണത്തിന് കാരണമായേക്കും.
സർട്ടിഫിക്കറ്റ് ലഭിക്കാത്ത വാഹനങ്ങളുടെ സാങ്കേതികപ്പിഴവ് പരിഹരിച്ച് വീണ്ടും എത്തിച്ചാൽ പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കും. പുക പരിശോധന പാസായില്ലെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നഷ്ടമായേക്കും. പുകയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുമ്പോഴും 1,500 രൂപ പിഴ നൽകേണ്ടിവരും.