വയനാട്∙ പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം വയനാട്ടിലെത്തി. ഡൽഹിയിൽനിന്നു എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍റെ കീഴിലുള്ള സംഘമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. വയനാട് എസ്പിയുമായി സിബിഐ സംഘം കൂടിക്കാഴ്ച നടത്തി. നിലവിൽ കേസ് അന്വേഷിക്കുന്ന കൽപറ്റ ഡിവൈഎസ്പിയുമായി സിബിഐ സംഘം കണ്ണൂരിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
മാർച്ച് 9ന് ആണ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് വിട്ട് ഉത്തരവ് ഇറക്കിയത്. സിബിഐ കേസ് ഏറ്റെടുക്കാൻ വൈകുന്നതിൽ കുടുംബം പ്രതിഷേധം അറിയിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ സംഘം എത്തിയത്.
സിദ്ധാർഥന്‍റെ അച്ഛൻ ജയപ്രകാശ് നൽകിയ ഹർജി പരിഗണിച്ച് സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കേന്ദ്രസർക്കാരിന്‍റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്നാണ് സിബിഐ കോടതിയെ അറിയിച്ചിരുന്നത്.