വടകര: പാനൂരില്‍ നിര്‍മിച്ച ബോംബ് ആരെ ഉദ്ദേശിച്ചായിരുന്നു എന്ന് സിപിഎം ജനങ്ങളോട് തുറന്നുപറയണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച യുഡിഎഫ് പര്യടനത്തിന്റെ സമാപനം നടക്കേണ്ട പ്രദേശത്തിന് അടുത്താണ് ബോംബ് നിര്‍മിക്കുമ്പോള് പൊട്ടി ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. സ്വയം പൊട്ടിയില്ലായിരുന്നെങ്കില്‍ ഇതുകൊണ്ട് ആരെയായിരുന്നു ഉന്നംവെച്ചതെന്ന് നേതാക്കള്‍ തുറന്നുപറയണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
ഇത്രയൊക്കെ പുരോഗമനം പ്രസംഗിക്കുമ്പോഴും സിപിഎം വാളും കഠാരയും ബോംബും ഉപേക്ഷിക്കാന്‍ 2024ലും തയ്യാറാല്ല എന്നതിന്റെ തുറന്ന പ്രഖ്യാപനമാണ് പാനൂര്‍ സ്‌ഫോടനം. ഒരു തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ നിങ്ങള്‍ക്ക് എന്തിനാണ് ബോംബ്? ഈ തെരഞ്ഞെടുപ്പില്‍ ബോംബുവച്ച് എന്ത് സ്വാധീനമാണ് സിപിഎം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്? പോസ്റ്ററോ ബോര്‍ഡോ ഫ്‌ളക്‌സോ പൊതുയോഗമോ പദയാത്രയോ റോഡ്‌ഷോയോ ഒക്കെ പ്രചാരണ സാമഗ്രികളായി കണക്കാക്കാം. ഞങ്ങളുടെ ഫ്‌ളക്‌സുകള്‍ തലവെട്ടി പറമ്പിലിടുന്നു. ഉത്സവത്തിന് പോയിവരുമ്പോ സംഘടിച്ച് ചെമ്പട മുദ്രാവാക്യം വിളിക്കുന്നു. അതൊക്കെ വിടാം. പക്ഷെ ബോംബ് എങ്ങനെയാണ് നിങ്ങളുടെ തെരഞ്ഞെടുപ്പ് സാമഗ്രിയായി കൊണ്ടുനടക്കുന്നത് എന്ന് പൊതുസമൂഹത്തോട് തുറന്നു പറയണം.
കൈയിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നു എങ്കില്‍ ആരായിരുന്നു നിങ്ങളുടെ ലക്ഷ്യം? ആര്‍ക്കെതിരെ ആയിരുന്ന് അത് ഉപയോഗിക്കുക? ഞങ്ങളുടെ പ്രവര്‍ത്തകരാണോ, നേതാക്കളാണോ, തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളാണോ?
പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളെ അതീവഗൗരവത്തിലെടുക്കണം. ഇത്തരം ബന്ധങ്ങള്‍ക്ക് മാന്യത നല്‍കുന്ന രീതി അവസാനിപ്പിക്കണം. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളതായി ഫോട്ടോകള്‍ പുറത്തുവരുന്നു. അവ യാദൃശ്ചികമായി വരുന്ന ഫോട്ടോകള്‍ അല്ല. നേരത്തെയും കേസുകളുള്ള ആളുകളാണ് ഇവര്‍. കരുതലും സ്‌നേഹവുമൊന്നും പോസ്റ്ററിലും ഫ്‌ളക്‌സിലും മാത്രം അച്ചടിച്ചു വെക്കാനുള്ളതല്ല. നാട്ടുകാരോടുകൂടി കാണിക്കാനുള്ളതാണ്. കൊടിസുനിമാരെയാണ് സിപിഎം റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. കൊട്ടേഷന്‍ സംഘങ്ങളെയും ഗൂണ്ടകളെയുമാണ് വിദ്യാര്‍ഥികളില്‍നിന്ന് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ദയവുചെയ്ത് നാടിന്റെ സമാധാനം ഇനിയും കെടുത്തരുത്. ഒരുപാട് അമ്മമാരുടെയും ബന്ധുക്കളുടെയും കണ്ണീരുകണ്ട നാടാണിത്. ഇത്തരക്കാരെ ഒരു വോട്ടുകൊണ്ടുപോലും പിന്തുണക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
കെ.കെ രമ എംഎല്‍എ, പാറക്കല്‍ അബ്ദുല്ല, വി.എ നാരായണന്‍, അഡ്വ. ഐ. മൂസ, എന്‍. വേണു, സജീവ് മാറോളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.