പൂക്കാട് :ദേശീയപാത നിർമ്മാണ പ്രവർത്തി നടക്കുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം സർവീസ് റോഡ് നിർമിക്കാനായി ചാലുകീറിയതിനാൽ സ്റ്റേഷനിലേക്കുള്ള വഴി തടസ്സപ്പെട്ടു.ചാലിൽ മുട്ടറ്റം വെള്ളം കെട്ടി നിൽക്കുകയാണ്. ഈ വെള്ളക്കെട്ടിലൂടെ കടന്നു വേണം റെയിൽവേ സ്റ്റേഷന്റെ പടികയറി പോകാൻ .വിദ്യാർത്ഥികളും പ്രായമായവരുമടക്കം നിരവധി യാത്രക്കാരാണ് ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വണ്ടി കയറാൻ എത്തുക.ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ദുരിതാവസ്ഥക്ക് എന്ന് പരിഹാരം ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ . ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ വണ്ടികളാണ് നിർത്തുക.സ്റ്റേഷനിലേക്ക് എത്താൻ മറ്റു മാർഗങ്ങൾ ഒന്നുമില്ല.റെയിൽവേ സ്റ്റേഷനിലേക്കുള്ള മുടങ്ങിയ വഴി പുന:സ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെയും തീവണ്ടി യാത്രക്കാരുടെയും ആവശ്യം.റോഡ് വികസനത്തിന്റെ ഭാഗമായി ചേമഞ്ചേരി രജിസ്റ്റർ ഓഫീസിൽ മുന്നിൽ സ്ഥാപിച്ചിരുന്ന ക്വിറ്റ് ഇന്ത്യ സ്മാരക സ്തൂപവും പുനസ്ഥാപിച്ചിട്ടില്ല. ഇക്കാര്യത്തിലും നാട്ടുകാർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്.








