കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഹർഷിന വീണ്ടും സമരത്തിൽ. ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഏകദിന സത്യാഗ്രഹം. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ഇക്കാര്യം അന്വേഷണങ്ങളിൽ വ്യക്തമായിട്ടും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകുന്നില്ല. ഡോക്ടർമാർക്കെതിരായ കേസിന് ഹൈക്കോടതി സ്റ്റേ നൽകുകയും ചെയ്തു. ഇത് പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് വീണ്ടും സമരത്തിനിറങ്ങാനുള്ള തീരുമാനം. നേരത്തെ 104 ദിവസം തുടർച്ചയായി കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിലും ഹർഷിന സമരം നടത്തിയിരുന്നു.
