ഐ എൻ ടി യു സി സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന വി പി മരക്കാർ തൊഴിലാളി പ്രവർത്തനം കച്ചവടവൽക്കരിക്കാത്ത സത്യസന്ധനായ ട്രേഡ് യൂണിയൻ നേതാവായിരുന്നു എന്ന് മുൻ ഡി സി സി പ്രസിഡണ്ടും സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ പ്രസിഡണ്ടുമായ കെ സി അബു പറഞ്ഞു. വി പി മരക്കാർ ചരമ വാർഷിക ദിനത്തിൽ ഐ എൻ ടി യു സി അഫിലിയേറ്റഡ് യൂണിയൻസ് ഗാന്ധി ഗൃഹത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിലും തൊഴിലാളി സംഘടനകളിലും നേതാവാകാൻ ഇപ്പോൾ പണിയെടുക്കണമെന്നില്ലെന്നും മണിയടിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. വി പി മരക്കാരിനെപ്പോലുള്ള മുൻകാല നേതാക്കളെ ഇന്നത്തെ തൊഴിലാളി നേതാക്കൾ മാതൃകയാക്കണമെന്നും കെ സി അബു പറഞ്ഞു. തൊഴിലാളികൾക്ക് ദിശാ ബോധം നൽകുകയും രാഷ്ട്രീയ വിദ്യാഭ്യാസം നൽകുകയും ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു വി പി മരക്കാർ എന്ന് അദ്ദേഹം അനുസ്മരിച്ചു.
ചടങ്ങിൽ ഐ എൻ ടി യു സി ദേശീയ പ്രവർത്തക സമിതി അംഗം എം കെ ബീരാൻ അധ്യക്ഷത വഹിച്ചു. വിവിധ യൂണിയൻ നേതാക്കളായ എം സതീഷ് കുമാർ, എം പി രാമകൃഷ്ണൻ, കെ പദ്മകുമാർ, ജബ്ബാർ കൊമ്മേരി, അജിത് പ്രസാദ് കുയ്യാലിൽ, കെ വി ശിവാനന്ദൻ, ടി സജീഷ് കുമാർ, കെ പി ശ്രീകുമാർ, സി കെ രഞ്ജിത്ത്, എം മനോഹരൻ എന്നിവർ പ്രസംഗിച്ചു.