കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്. പന്‍വേലില്‍വെച്ച് ആ.ർ.പി.എഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ ചോദ്യംചെയ്തുവരികയാണ്.
വെള്ളിയാഴ്ച പുലർച്ച നാലരയോടെ സമ്പർക്കക്രാന്തി എക്സ്പ്രസിൽ എസ് വൺ കമ്പാർട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന തൃശൂർ തലോർ വൈക്കാടൻ ജോസിന്റെ ഭാര്യ അമ്മിണിയെ (64) ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ട് ഫ്രാൻസിസ് റോഡ് മേൽപാലത്തിനടുത്ത് എത്താറായപ്പോൾ മോഷ്ടാവ് തള്ളിയിട്ടെന്നാണ് പരാതി.
വാതിലിനു സമീപം നിൽക്കുകയായിരുന്ന അമ്മിണിയുടെ ബാഗ് 35 വയസ്സു തോന്നിക്കുന്നയാൾ പിടിച്ചു പറിക്കുകയായിരുന്നു. എതിർത്ത അമ്മിണിയെ പുറത്തേക്കു ചവിട്ടി വീഴ്ത്തി. മോഷ്ടാവും പുറത്തേക്കു വീണിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ വർഗീസ് അറിയച്ചതനുസരിച്ച് യാത്രക്കാരൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു.
കവർച്ച നടന്ന ട്രെയിൻ പുറപ്പെട്ട സ്റ്റേഷൻ മുതലുള്ള സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. പുലർച്ചയായതിനാൽ ആക്രമിച്ചയാളുടെ മുഖം പൂർണമായും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.