നാളെ (വെള്ളി) കോഴിക്കോട്ട് തുടങ്ങുന്ന കേരളത്തിന്റെ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വേറിട്ട കാഴ്ചകളിലൊരുക്കി 11 രാജ്യങ്ങളില്‍ നിന്നുള്ള 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. വര്‍ത്തമാനകാലത്തോട് ലോക സിനിമ എങ്ങനെ സംവദിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ചകളായിരിക്കും ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങള്‍.
ഗോവ ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല സംവിധായക പുരസ്‌കാരവും വെനീസ് ചലച്ചിത്രോത്സവത്തില്‍ ഫ്രിപസി പുരസ്‌ക്കാരവും നേടി ലോക ശ്രദ്ധ പിടിച്ചുപറ്റിയ റൊമാനിയന്‍ – സെര്‍ബീയന്‍ ചലച്ചിത്രമായ ദി ന്യൂ ഇയര്‍ ദാറ്റ് നെവര്‍ കെയിം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചലച്ചിത്രങ്ങളില്‍ ഒന്നാണ്. നിക്കോളായി ചൗഷെസ്‌കുവിന്റെ ഭരണകൂടം 1989-ല്‍ തകര്‍ന്നു വീഴുന്ന സമയത്തെ ബുക്കാറെസ്റ്റിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ആറു പേരിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു കഥ പറയുന്നതിലൂടെ അവിടത്തെ രാഷ്ട്രീയം കൂടി അവതരിപ്പിക്കുകയാണ് സിനിമ.
കൗമാരക്കാരികളുടെ കഥ പറയുന്ന ലിത്വാനിയന്‍ ചലച്ചിത്രമായ ടോക്‌സിക്കാണ് ലോകസിനിമാ വിഭാഗത്തിലെ മറ്റൊരു ശ്രദ്ധേയ ചലച്ചിത്രം. ലോക്കാര്‍ണോ ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ലിയോപാര്‍ഡ് പുരസ്‌ക്കാരം ലഭിച്ച സിനിമയാണിത്.
കാനിലടക്കം പ്രദര്‍ശിപ്പിച്ച ചൈനീസ് ചലച്ചിത്രം ബ്ലാക്ക് ഡോഗ്, സ്‌പെയിന്‍ ചലച്ചിത്രമായ ഐ ആം നെവനിക്ക, ഇറാനിയന്‍ ചിത്രങ്ങളായ മൈ ഫേവറിറ്റ് കേക്ക്, ദി സീഡ് ഓഫ് ദ സേക്രഡ് ഫിഗ്, ഇന്‍ ദി ലാന്‍ഡ് ഓഫ് ബ്രദേഴ്‌സ് എന്നിവയും കാണികളുടെ പ്രശംസ നേടിയ ചിത്രങ്ങളാണ്. ദി ടീച്ചര്‍ (ഫലസ്തീന്‍), ഷാഹിദ് (ജര്‍മനി), ഐ. ആം സ്റ്റീല്‍ (ബ്രസീല്‍), ലാ കോസീന (മെക്‌സിക്കോ), മാര്‍ക്കോ ദി ഇന്‍വെന്റ്ഡ് ട്രൂത്ത് തുടങ്ങിയവയും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു മുതല്‍ 11 വരെ കൈരളി, ശ്രീ, കോറണേഷന്‍ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. ഓരോ തീയറ്ററിലും ഒരു ദിവസം അഞ്ചു വീതം പ്രദര്‍ശനങ്ങളുണ്ടാകും.