കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ‘ലഹരിക്കെതിരെ ആയിരം ഗോൾ’ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. ലഹരിക്കെതിരെ വിദ്യാർത്ഥികളിലും യുവാക്കളിലും ബോധവത്കരണം ലക്ഷ്യമിട്ടാണ് ആയിരം ഗോൾ പ്രചാരണം. ലഹരിക്കെതിരായി പോരാടുവാൻ “ലഹരിക്കെതിരെ ആയിരം ഗോൾ” എന്ന സന്ദേശവുമായാണ് പ്രചാരണം. ലഹരിക്കെതിരെ കായിക വകുപ്പ് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ആദ്യ പരിപാടിയാണ് ആയിരം ഗോൾ. മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ പ്രചാരണം സംഘടിപ്പിക്കുമെന്ന് ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് ഒ രാജഗോപാൽ പറഞ്ഞു.
ജില്ലാ സ്പോർട്‌സ് കൗൺസിൽ നടത്തുന്ന സമ്മർക്യാമ്പിൻ്റെ ഉദ്ഘാടനവും മാനാഞ്ചിറ സ്ക്വയറിൽ നടന്നു. 5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ മെയ് മാസങ്ങളിലാണ് സമ്മർ ക്യാമ്പ് നടത്തുന്നത്. നിലവിൽ 1200 ഓളം കുട്ടികൾ വിവിധ ക്യാമ്പുകളിലേക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിക്കെതിരെ കളിക്കളങ്ങളെ സജീവമാക്കി സ്പോർട്സ് ആണ് ലഹരി എന്ന മുദ്രാവാക്യത്തോടെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. എല്ലാ ക്യാമ്പുകളിലും പരിശീലനം ആരംഭിക്കുന്നത് ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ്. കളിക്കളങ്ങളെ സജീവമാക്കി ലഹരിയെ തുരുത്തുക എന്ന വലിയ ലക്ഷ്യമാണ് സ്പോർട്സ് കൗൺസിൽ ഇതിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയിൽ ആശംസകൾ നേർന്നുകൊണ്ട് ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഡോ. റോയ് ജോൺ, സംസ്ഥാനസ്പോർട്‌സ് കൗൺസിൽ അംഗം പി.ടി അഗസ്റ്റിൻ,ജില്ലാ സ്പോർട്‌സ് കൗൺസിൽ അംഗങ്ങളായ കെഎം ജോസഫ്, ഇ കോയ, കാലിക്കറ്റ് പ്രസ് ക്ലബ്ബ് സെക്രട്ടറി പി കെ സജിത്ത് കുമാർ, ഫുട്ബോൾ അസ്സോസിയേഷന് സെക്രട്ടറി സജേഷ് കുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ കമാൽ വരാദൂർ, കെ ജെ മത്തായി തുടങ്ങിയവർ സംസരിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഹോക്കി കോച്ച് മുഹമ്മദ് യാസിർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ലാ സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് സ്വാഗതവും ജില്ലാ സ്പോർട്‌സ് ഓഫീസർ വിനീഷ് കുമാർ കെ പി നന്ദിയും രേഖപ്പെടുത്തി.