കൊടുവള്ളി: പത്ത് ദിവസത്തിലധികമായി ചെറുപുഴയിൽ പച്ചനിറത്തിലുള്ള മാലിന്യം ഒഴുകുന്നത് നാട്ടുകാരുടെ മനസ്സമാധാനം കെടുത്തുന്നു. ഒട്ടേറെ കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്നത് ചെറുപുഴയുടെ തീരങ്ങളിലാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഇതിന് പുറമെ എൻഐടിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസും ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയുടെ വെള്ളവും ചെറുപുഴയിൽ നിന്നാണ്. കൊടുവള്ളി നഗരസഭ പരിധിയിലെ പോർങ്ങോട്ടൂർ, മാനിപുരം, കുറുങ്ങാട്ട കടവ് എന്നീ ഭാഗങ്ങളിലൂടെ ഒഴുകുന്ന പുഴ വെള്ളത്തിനെല്ലാം പച്ചനിറവും ദുർഗന്ധവും ഉണ്ട്.
മാനിപുരത്ത് ചെറുപുഴയുടെ തീരത്ത് താമസിക്കുന്ന വ്യക്തിയുടെ കിണറിൽ വെള്ളം കിട്ടാതായപ്പോൾ പുഴയോരത്ത് കുഴികുഴിച്ച് ഇതിൽ നിന്ന് വെള്ളം ശേഖരിച്ചിരുന്നു. ഈ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പുഴ നിരീക്ഷിച്ചപ്പോഴാണ് എണ്ണമയമുള്ള പച്ചനിറത്തിലുള്ള പാട പുഴയിൽ പരന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതിന് നല്ല ദുർഗന്ധവും ഉണ്ടായിരുന്നു. പുഴയുടെ മുകൾ ഭാഗങ്ങളിൽ അന്വേഷച്ചപ്പോൾ ഇതേ അവസ്ഥ അവിടെയും ഉണ്ട്. ഇവിടെ നിന്ന് ഏറെ അകലെയുള്ള കുറുങ്ങാട്ട കടവിലും ഇതേപോലത്തെ അവസ്ഥയായിരുന്നു. ഇവിടെയുള്ള എൻഐടിയുടെ പമ്പ് ഹൗസിന് ചുറ്റും പച്ചനിറത്തിലുള്ള പാടകൊണ്ട് നിറഞ്ഞിരിക്കുകയാണ്. തുടർന്ന് കൂടത്തായി ഭാഗത്ത് പോയി അന്വേഷിച്ചപ്പോൾ അവിടെയും പുഴവെള്ളത്തിന് പച്ചനിറവും ദുർഗന്ധവും അനുഭവപ്പെടുന്നുണ്ടെന്ന വിവരമാണ് ലഭിച്ചത്. ഇതിനും മുകൾഭാഗത്തു നിന്നാണ് ഈ മാലിന്യം ഒഴുകിവരുന്നതെന്നാണ് അറിയുന്നത്.
തുടർന്ന് നാട്ടുകാർ കൊടുവള്ളി നഗരസഭയിലും ആരോഗ്യ വിഭാഗത്തിനും പരാതി നൽകി. ഒട്ടേറെ കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന പുഴയായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതേതുടർന്ന് നാട്ടുകാർ തന്നെ പുഴ വെള്ളം ശേഖരിച്ച് മലാപ്പറമ്പിൽ കൊണ്ടുപോയി പരിശോധിപ്പിക്കുകയായിരുന്നു. പരിശോധനയിൽ പുഴവെള്ളത്തിൽ ഇ കോളി ബാക്ടീരിയയും, കോളിഫോം
ബാക്ടീരിയയും വലിയ അളവിൽ ഉണ്ടെന്ന വിവരമാണ് ലഭിച്ചത്.
നഗരസഭയും ആരോഗ്യ വകുപ്പും പ്രശ്നം വളരെ ഗൗരവത്തിൽ എടുക്കണമെന്നും ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പ് നൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇത്രയും ഗുരുതരമായ പ്രശ്നം ഉണ്ടായിട്ടു പോലും നാട്ടിലെ ഒരു രാഷ്ട്രീയ പാർട്ടി പോലും പ്രതികരിക്കാൻ തയ്യാറായാട്ടില്ലെന്നും ഇവർ പരാതിപ്പെട്ടു.