ആധാര്‍ കാർഡ് വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ ഒരാഴ്ച കൂടി അവസരം

ആധാര്‍ കാർഡ് വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാന്‍ അവസരം ഒരാഴ്ച കൂടി മാത്രം. 10 വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡുകളില്‍ ഇതുവരെയും യാതൊരുവിധ പുതുക്കലും നടത്താത്തവരാണ് ആധാര്‍ പുതുക്കേണ്ടത്. തിരിച്ചറിയല്‍-മേല്‍വിലാസ രേഖകള്‍ myaadhaar.uidai.gov.in വഴി ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാം. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ. ആധാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കണം. ഇതുവരെ ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ നല്‍കാതിരുന്നവര്‍ക്കും നിലവിലുള്ള ആധാറില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ മാറ്റം വന്നവര്‍ക്കും അക്ഷയ ആധാര്‍ കേന്ദ്രങ്ങള്‍ വഴി അപ്ഡേറ്റ് ചെയ്യാം.

നവജാതശിശുക്കള്‍ക്കും ആധാര്‍ എന്റോള്‍മെന്റ് ചെയ്യണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റിന് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കില്ല. എന്റോളിങ്ങിന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളില്‍ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്സ് അഞ്ച് വയസിലും 15 വയസിലും നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഏഴു വയസിനുള്ളിലും 15 വയസിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കല്‍ സൗകര്യം ലഭിക്കൂ. അല്ലാത്തപക്ഷം നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിന് 100 രൂപ ഫീസ് നല്‍കണം. അക്ഷയ ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം 50 നല്‍കി ചെയ്യാം. 2024 ജൂണ്‍ 14 ന് ശേഷം ആധാര്‍ ഓണ്‍ലൈനായി അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെങ്കിലും, ഫീസ് ബാധകമാകും. ഓണ്‍ലൈന്‍ അപ്ഡേറ്റുകള്‍ക്ക് 25 രൂപയും ഓഫ്ലൈന്‍ അപ്ഡേറ്റുകള്‍ക്ക് 50 രൂപയും ഈടാക്കുമെന്നാണ് വിവരം.

 

Leave a Reply

Your email address will not be published.