കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയില്‍ സ്ഥിതിചെയ്യുന്ന അദ്ഭുത തുരുത്താണ് 13.37 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മണ്‍റോതുരുത്ത്. കൊല്ലം പട്ടണത്തില്‍ നിന്നും 25 കിലോമീറ്റര്‍ റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ മണ്‍റോ തുരുത്തിലെത്താം. കൃഷി, മത്സ്യബന്ധനം, കയറുപിരി, വിനോദ സഞ്ചാരം എന്നിവയാണ് ഇവിടുത്തെ തൊഴില്‍.
തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോയുടെ സ്മരമാര്‍ത്ഥമാണ് ദീപിന് ഈ പേര് ലഭിച്ചത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് രൂപപ്പെട്ട ചെറുദ്വീപുകളുടെ സമൂഹമാണ് മണ്‍റോത്തുരുത്ത്. പണ്ട് പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായിരുന്നു ഈ പ്രദേശം. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ദ്വീപായിരുന്നങ്കിലും സാമൂഹ്യ- രാഷ്ട്രീയ രംഗങ്ങളിലെല്ലാം വളരെ ശ്രദ്ധേയമായ സ്ഥാനവും ചരിത്രവും ഉളള ഒരു പ്രദേശമായിരുന്നു ഇവിടം.
18-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന സമയം. അന്ന് തിരുവിതാംകൂര്‍ ദിവാനായിരുന്നു കേണല്‍ മണ്‍ട്രോ എന്ന സായിപ്പ് തന്റെ അധികാരപരിധിയിലുള്ള ഒറ്റപ്പെട്ട് കിടന്നിരുന്നൊരു തുരുത്ത് മലങ്കര മിഷണറി ചര്‍ച്ച് സൊസൈറ്റിക്ക് മതപഠന കേന്ദ്രം നിര്‍മിക്കാനായി കൊടുത്തു. ഇതോടൊപ്പം ദ്വീപിന് ദിവാന്റെ പേരും കൈവന്നു.
എട്ടു തുരുത്തും എണ്ണിയാലൊടുങ്ങാത്ത ഇടത്തോടുകളും കണ്ട് ചെറിയൊരു കൊതുമ്പുവള്ളത്തില്‍ കയറി കായലിന്റെ ഭംഗിയാസ്വദിച്ചൊരു യാത്ര. ഇത്തരമൊരു അസുലഭ യാത്ര ആസ്വദിക്കണമെങ്കില്‍ മണ്‍റോ തുരുത്തിലേക്കു പോയാല്‍ മതി. പ്രകൃതി ഒരുക്കിയ പച്ച പുതച്ച തുരുത്തുകളില്‍ സ്വപ്നത്തില്‍ എന്ന പോലെ യാത്രികര്‍ക്ക് ഒഴുകി നടക്കാം. ഈ യാത്രകളിലൂടെ തുരുത്തിനെ കൂടുതല്‍ കാണുവാനും അറിയുവാനും സാധിക്കും.